കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയതിനെ തുടർന്ന് രോഗി വെന്തുമരിച്ചു. കോഴിക്കോട് നഗരത്തിലുണ്ടായ ദാരുണാപകടത്തിൽ നാദാപുരം സ്വദേശി സുലോചന(57) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.കനത്ത മഴ അപകടത്തിനു കാരണമായതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് സമീപത്തെ കടയിലേക്കും തീ പടർന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.