തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി സ്വദേശി രാജേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.
പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറഞ്ഞത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന് കോടതിയെ അറിയിച്ചു.
പശ്ചാത്താപം ഉണ്ടോയെന്ന ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഉയര്‍ന്ന കോടതിയില്‍ നിരപരാധിയാണെന്നു തെളിയുമെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് പ്രതിയുടെ വാദങ്ങളെ പൂര്‍ണമായും ഖണ്ഡിച്ചു. പ്രതി കൊടും കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന് വാദിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.