കോട്ടയം : കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.
ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്മെൻ്റിൻ്റെ പുതിയ നീക്കം.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.
ശ്രദ്ധ സതീഷിന്റെ മരണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.