പത്തനംതിട്ട : പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന് പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരു മാസം മുമ്പാണ് ശശിധരന് പിള്ള ഹോം നഴ്സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ശശിധരനെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസമാണ് ശശിധരന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.