ആലുവ: ശ്രീമൂലനഗരത്തിൽ നടന്ന ഗുണ്ടാ ആക്രമണ കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കാറിലും ബൈക്കുകളിലുമായാണ് പ്രതികൾ എത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ക്വട്ടേഷൻ സംഘം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് പൊലീസ് അനുമാനം. എറണാകുളം ജില്ലയിലെ ആലുവയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ആക്രമണത്തിൽ വെട്ടേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണത്തിൽ മുൻ പഞ്ചായത്ത് അംഗം ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. സുലൈമാനെ ചുറ്റിക കൊണ്ടടിച്ച് താഴെയിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.