കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ കോടതി ചൊവ്വാഴ്ച വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുക. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്.
പ്രതിക്കു വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ. ജൂലൈ 28നാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാഖ് ആലം വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആലുവ മാര്‍ക്കറ്റിനു പിൻവശത്ത് ഉപേക്ഷിച്ചത്. കേസില്‍ അസ്ഫാഖ് ആലമിനെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതി മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ടോയെന്ന റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചശേഷമായിരിക്കും ശിക്ഷാവിധി.