കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ മുതലെടുപ്പ് ശ്രമവുമായി ഇടതുപക്ഷവും കോൺഗ്രസും. കുട്ടിയുടെ മരണത്തിനു വഴിവെച്ചത് ആലുവ മാർക്കറ്റിലെ ശോചനീയാവസ്ഥ ആണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം ആലുവ നഗരസഭയിലേക്ക് മാർച്ചു നടത്തിയപ്പോൾ അന്വേഷണത്തിൽ പൊലീസ് അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി.
കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സ്റ്റേഷന് ഏതാനും മീറ്ററുകള്‍ക്ക് മുന്നില്‍ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അഞ്ച് വയസുകാരിയെ കാണാതായെന്ന് പരാതി ലഭിച്ച ആദ്യ മണിക്കൂറുകളില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.കുട്ടിയുമായി പ്രതി ആലുവ പരിസരത്തുതന്നെ ഉണ്ടായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. രേഖാമൂലമുള്ള പരാതി ലഭിക്കാന്‍ പൊലീസ് കാത്തിരുന്നെന്നും ആരോപണമുണ്ട്.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ മാര്‍ക്കറ്റ് നവീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു എൽ.ഡി.എഫ് പ്രതിഷേധം. നഗരസഭാ വളപ്പില്‍ ശവപ്പെട്ടിയുടെ മാതൃക സ്ഥാപിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ആലുവ മാര്‍ക്കറ്റിലെ വിജനമായ സ്ഥലത്തുവച്ചായിരുന്നു അഞ്ച് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശം ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ നഗരസഭയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും വിമര്‍ശനം ഉയര്‍ന്നിരുന്നു.