കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ച് വയസുകാരിചാന്ദിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റിയത്.കുട്ടിയുടെ ദേഹമാസകലം മുറിവേറ്റതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുട്ടി എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ. കുട്ടിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ മയക്കത്തിലായിരുന്ന പ്രതി ഇന്ന് രാവിലെയാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
സംഭവം അന്വേഷിക്കാൻ ഒരു സ്പെഷ്യൽ ടീമിനെ രൂപികരിച്ചിട്ടുണ്ട്. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇന്നലെ ആറ് മണിയ്ക്ക് അസ്ഫാക് ഒരു അടിപിടിനടത്തിയെന്നും ഈ സമയത്ത് കുട്ടി ഒപ്പം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നര മണിയ്ക്ക് കുട്ടിയുമായി ഇയാൾ ആലുവ മാർക്കറ്റിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാർക്കറ്റിൽ നിന്ന് തിരിച്ചുവരുമ്പോൾ പ്രതിയുടെ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അതിനാൽ തന്നെ ആറ് മണിയ്ക്ക് മുൻപ് കൊലപാതകം നടന്നതായാണ് സൂചന. പ്രതിയെ തെളിവെടുപ്പിന് മാർക്കറ്റിൽ എത്തിച്ചപ്പോൾ ജനങ്ങൾ പ്രശ്നമുണ്ടാക്കി. ഇതിനെ തുടർന്ന് പൊലീസ് തെളിവെടുപ്പ് നടത്താതെ പ്രതിയുമായി മടങ്ങി.
അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക് കുറ്റം സമ്മതിച്ചുവെന്ന് എസ് പി പറഞ്ഞു . കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട് പറഞ്ഞത് പ്രതിയാണ്. ചാന്ദിനിയെ മറ്റൊരാൾക്ക് കെെമാറിയെന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അറിയിച്ചു. അസം സ്വദേശിയായ അസ്ഫാക് ആലം ചാന്ദിനിയെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസ്ഫാകിനെ പിടികൂടിയത്.