കൊച്ചി : ആലുവയിൽ ചാന്ദ്നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ പൊലീസിന് സാധിച്ചില്ല. പിന്നാലെ പൊലീസ് പ്രതിയുമായി മടങ്ങി.
ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന ബീഹാർ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി പറഞ്ഞിരുന്നത് . ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വെച്ചാണ് കുട്ടിയെ കൈമാറിയതെന്നാണ് പൊലീസ് പറഞ്ഞത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു . കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്ന സംശയത്തിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യലുമായി സഹകരിക്കാൻ പ്രതി അസഫാക്ക് ആലം തയ്യാറായിരുന്നില്ല. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി മൊഴിനൽകി.