കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയും എംഎല്‍എ കെ ടി ജലീലിനുമെതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നുള്ള കേസിലാണ് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഉദ്ദേശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് സ്വപ്നയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ജസ്റ്റിസ് വിജു എബ്രഹാം ആണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സാമ്പത്തിക ഇടപാടുകള്‍, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള വന്‍തോതിലുള്ള സ്വര്‍ണക്കടത്ത് എന്നിവയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിന് ശേഷം 2020 ജൂലൈയിലാണ് സ്വപ്ന സുരേഷ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലധികം ജയിലില്‍ കിടന്ന ശേഷം 2021 നവംബറില്‍ സ്വപ്ന സുരേഷ് ജാമ്യത്തിലിറങ്ങി.
സ്വര്‍ണക്കടത്ത് കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം 2022 ജൂണില്‍ സ്വപ്ന സുരേഷ് വാര്‍ത്താസമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും മകള്‍ക്കും കെ ടി ജലീലിനും എതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ന്ന് സ്വപ്ന സുരേഷിനെതിരെ കെ ടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജുമായി സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജലീല്‍ നല്കിയ പരാതി വ്യാജമാണെന്നും കേസില്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2021ല്‍ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ജയിലിലായിരുന്നപ്പോള്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തരുതെന്ന് നിര്‍ബന്ധിച്ചുവെന്നും മറ്റ് പ്രതികളെയും തന്നെയും ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. 2022 ജൂണ്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാള്‍ തന്നെ കാണാന്‍ വന്ന് രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത് പിന്‍വലിക്കണമെന്ന് സമ്മര്‍ദം ചെലുത്തിയെന്നും ഹര്‍ജിയില്‍ സ്വപന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തന്റെ അറസ്റ്റിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടുന്നതെന്നും സ്വപ്നയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.