അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിൽ സര്‍വേ നടത്താൻ പുരാവസ്തു വകുപ്പിന് അനുമതി നല്കി അലഹബാദ് ഹൈക്കോടതി. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വേ നടത്താന്‍ അനുമതി നല്കിയ വരാണസി ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയില്‍ ജൂലൈ 21നാണ് സര്‍വേ നടത്താന്‍ പുരാവസ്തുവകുപ്പിന് വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മറ്റി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.സര്‍വേ നടക്കുമ്പോള്‍ മസ്ജിദിന് കേടുപാടുകള്‍ ഉണ്ടാകുമെന്നും ഖനനം അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.ഇതോടെ സുപ്രീംകോടതി താത്ക്കാലികമായി സര്‍വേ തടഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം.