വാരണാസി : ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താമെന്ന ഉത്തരവിലെ സുപ്രീം കോടതിയുടെ സ്റ്റേ നീട്ടി അലഹാബാദ് ഹൈക്കോടതി. നാളെ വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വിശദമായ വാദം ഹൈക്കോടതി കേൾക്കും. സർവേയ്ക്ക് അനുവാദം നൽകി വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച മരവിപ്പിച്ചിരുന്നു. ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി മുസ്ലിം വിഭാഗത്തിന്റെ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദുക്ഷേത്രം നിലനിന്ന സ്ഥലത്താണ് ഗ്യാൻവാപി പള്ളി നിർമിച്ചതെന്ന വാദം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് കഴിഞ്ഞദിവസം വാരാണസി കോടതി ഉത്തരവിട്ടത്. പള്ളി കമ്മിറ്റിക്കു വേണ്ടി ഹുസേഫ അഹമ്മദി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇടപെട്ടത്. ഉത്തരവു നടപ്പാക്കും മുൻപു ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പള്ളി കമ്മിറ്റിക്കു സമയം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഫൊട്ടോഗ്രഫി, റഡാർ ഇമേജിങ് പരിശോധനകൾ മാത്രമാണ് എഎസ്ഐ ഇപ്പോൾ നടത്തുന്നതെന്നും ഖനനമോ കെട്ടിടത്തെ ബാധിക്കുന്ന മറ്റു പരിശോധനകളോ നടത്തുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.