ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി വളഞ്ഞതോടെ മെയ്തെയ് സായുധ ഗ്രൂപ്പായ കെവൈകെഎല്‍ ന്റെ 12 അംഗങ്ങളെ മോചിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. കിഴക്കന്‍ ഇംഫാലിലെ ഇത്തം ഗ്രാമത്തിലാണ് സംഭവം. കരസേന പിടികൂടിയവരില്‍ 2015ല്‍ കരസേനയ്ക്കെതിരെ ആക്രമണം നടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ മൊയ്റാംഗ് തം താംബയും ഉണ്ടായിരുന്നു.
കെവൈകെല് എന്ന വിഘടനവാദ ഗ്രൂപ്പില്‍പ്പെട്ട ആളുകളെയാണ് സൈന്യം പിടികൂടിയത്. എന്നാല്‍ 1200ല്‍ അധികം വരുന്ന സ്ത്രീകള്‍ അടക്കമുള്ള സംഘം സൈന്യത്തെ തടയുകയായിരുന്നു. ഇതോടെയാണ് ഇവരെ വിട്ടുകൊടുത്തത്. കൂടുതല്‍ രക്തചൊരിച്ചിൽ ഒഴിവാക്കാന്‍ പക്വമായ തീരുമാനം എടുത്തതാണെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവിടെനിന്ന് ആയുധശേഖരം അടക്കം പിടിച്ചെടുത്ത ശേഷം പ്രദേശത്തുനിന്ന് പിന്‍വാങ്ങുകയാണെന്നും സൈന്യം വ്യക്തമാക്കി. 2015ല്‍ സൈന്യത്തിന്റെ ദ്രോഗ്ര യൂണിറ്റിന് നേരെ വരെ അക്രമണം നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമെത്തി മോചിപ്പിച്ചത്. ഒരു ദിവസം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് 12 പേരെയും വിട്ടുകൊടുക്കാന്‍ സൈന്യം തീരുമാനിച്ചത്.
𝗢𝗽𝗲𝗿𝗮𝘁𝗶𝗼𝗻𝘀 𝗶𝗻 𝗜𝘁𝗵𝗮𝗺 𝗩𝗶𝗹𝗹𝗮𝗴𝗲 𝗶𝗻 𝗜𝗺𝗽𝗵𝗮𝗹 𝗘𝗮𝘀𝘁 𝗗𝗶𝘀𝘁𝗿𝗶𝗰𝘁
— SpearCorps.IndianArmy (@Spearcorps) June 24, 2023
Acting on specific intelligence, operation was launched in Village Itham (06 km East of Andro) in Imphal East by Security Forces today morning. Specific search after laying cordon was… pic.twitter.com/7ZH9Jp8nOI
മണിപ്പൂരില്‍ കഴിഞ്ഞ പത്ത് ദിവസമായി അക്രമസംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. മണിപ്പൂരില്‍ ഗുരുതര സാഹചര്യമാണ് ഉള്ളതെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സാഹചര്യം ഒരിക്കല്‍കൂടി നിരീക്ഷിച്ച ശേഷം വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാമെന്നാണ് കേന്ദ്ര നിലപാട്.