ന്യൂഡൽഹി : ഖത്തറിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എട്ട് നാവിക സേന മുൻ ഉദ്യോഗസ്ഥരുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലിലെത്തി എട്ട് പേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നു. അവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും വിദേശകാര്യ മന്ത്രാലയം നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി.
‘വധ ശിക്ഷയ്ക്കെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ രണ്ട് തവണ വാദം കേട്ടു. നവംബർ 23നും 30നുമായിരുന്നു വാദം നടന്നത്. വിഷയം സൂക്ഷ്മമായി പരിശോധിക്കുകയാണ്. നിയമപരമായ എല്ലാ വഴികളിലൂടെയും ശ്രമം തുടരുകയാണ്. നിയമപരമായ എല്ലാ സഹായങ്ങളും കോൺസുലർ നൽകുന്നുണ്ട്.’
‘നാവികരുമായി കൂടിക്കാഴ്ച നടത്തിയത് ശുഭ സൂചനയായി കാണുന്നു. പ്രശ്നവുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകൾ ഇതിലൂടെ പരിഹരിക്കാൻ സാധിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എട്ട് നാവികരെ ചാരവൃത്തി ആരോപിച്ച് ഖത്തർ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്തു.