കൊല്ലം : പാര്‍ട്ടിയിലെയും ഭരണത്തിലെയും കണ്ണൂര്‍ ആധിപത്യത്തിനെതിരെ സിപിഐഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഓരോ പരിഗണനയുമെന്നാണ് സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ കണ്ണൂരിലെ നേതാക്കള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധി പിബി ഹര്‍ഷ കുമാര്‍ പറഞ്ഞു.
മന്ത്രിമാരുടെ മോശം പ്രകടനത്തെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഒഴികെ മറ്റെല്ലാം മന്ത്രിമാരുടെയും പ്രകടനം ശരാശരിയാണ്. മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുന്നു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രിമാര്‍ പ്രതിരോധിച്ചില്ലെന്നായിരുന്നു ഒരു പ്രതിനിധിയുടെ വിമര്‍ശനം.
പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാടിനെതിരെയും പ്രതിനിധികള്‍ രംഗത്തെത്തി. ആശാ വര്‍ക്കമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമ്പോഴാണ് പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായത്. ഇത് സ്വയം കാലില്‍ വെടിവയ്ക്കുന്നതുപോലെയായെന്നായിരുന്നു പ്രതിനിധിയുടെ വിമര്‍ശനം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വന്‍കിട വ്യാവസായിക പദ്ധതികളോടുള്ള താത്പര്യത്തെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നയംമാറ്റത്തിന്റെ ഭാഗമായാണോ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യം സംരക്ഷിക്കണമെന്നും വലിയ പദ്ധതികള്‍ മാത്രം പോരായെന്നും അദ്ദേഹം പറഞ്ഞു ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് ഉണ്ടായത്, അതിനാല്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടികളുണ്ടാകണം.’ രണ്ടാം പിണറായി സര്‍ക്കാര്‍ കയര്‍ തൊഴിലാളികളെ അവഗണിച്ചുവെന്ന് പിപി ചിത്തരഞ്ജന് ആരോപിച്ചു.
അതേസമയം, സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് സത്യസന്ധതയില്ലെന്ന് എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ആരോപിച്ചു. സ്ത്രീകളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ നിന്നും പാര്‍ട്ടി പിന്നോട്ടുപോയെന്നും അനുശ്രീ ആരോപിച്ചു.