കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എന്‍. നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.കേന്ദ്രചട്ടങ്ങള്‍ ചോദ്യംചെയ്ത് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും ഇതിലുൾപ്പെടുന്നു. ദേശസാത്കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാരേജുകള്‍ക്ക് അനുമതി നല്കിയ 2023 മേയ് മാസത്തിലെ കേന്ദ്ര ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ജിയില്‍ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും നിലപാട് അറിയിക്കും. അതേസമയം, റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ബസുടമ കെ. കിഷോര്‍ നല്കിയ ഉപഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജിയിൽ സംസ്ഥാന ഗതാഗത കമ്മീഷണര്‍ കോടതിയിൽ മറുപടി സത്യവാംഗ്മൂലം നല്‍കും.