കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും കണ്ണ് 47% വരുന്ന മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകളിലാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യുനപക്ഷവോട്ടുകളില്‍ 65 ശതമാനവും കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചതുകൊണ്ടാണ് 19 സീറ്റിന്റെ വന്‍വിജയത്തിലെത്താന്‍ കഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇവിടെ നിന്നും ജയിച്ചു പ്രധാനമന്ത്രിയാകുമെന്ന വിശ്വാസം വലിയൊരു വിഭാഗം ജനങ്ങൾക്കുണ്ടായതും യുഡിഎഫിന് ഗുണം ചെയ്തു. അതിനൊപ്പം ശബരിമല വിഷയം കൂടി ചേര്‍ന്നപ്പോള്‍ ഇടതുമുന്നണിയുടെ പരാജയം പൂര്‍ണ്ണമായി.
ഇത്തവണയും എല്ലാ കണ്ണുകളും ന്യുനപക്ഷവോട്ടുകളില്‍ തന്നെയാണ്. കേരളത്തിലെ 13 ലോക്സഭാ മണ്ഡലങ്ങളില്‍ ക്രൈസ്തവ- മുസ്ളീം വോട്ടുകള്‍ അതീവ നിര്‍ണ്ണായകമാണ്. എന്നുവച്ചാല്‍ ഏതാണ്ട് 25-35 ശതമാനത്തിലധികം വോട്ടുകള്‍ ഈ വിഭാഗങ്ങൾക്ക് 13 മണ്ഡലങ്ങളിലും ഉണ്ടെന്ന് അര്‍ത്ഥം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെത്തിയപ്പോള് യുഡിഎഫിന് ലഭിച്ച ന്യുനപക്ഷവോട്ടുകള്‍ ആകെ തലതിരിഞ്ഞു. അതില്‍ 75% വോട്ടുകളും ലഭിച്ചത് ഇടതുമുന്നണിക്കാണ്. അതോടെയാണ് സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയത്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാർ പൗരത്വനിയമവും ഏകീകൃത സിവില്‍ കോഡും നടപ്പാക്കുന്നത് തടയാന്‍ മറ്റാരേക്കാളും നല്ലത് ഇടതുമുന്നണിയാണെന്ന ധാരണ മുസ്ലീംവോട്ടര്മാര്ക്കിടയില് പരന്നതും എല്‍ഡിഎഫിന് ഗുണകരമായി.
എന്നാല്‍ ഇത്തവണ ന്യൂനപക്ഷവോട്ടുകള്‍ എവിടെ പോകുമെന്ന ആശയക്കുഴപ്പത്തിലാണ് അവസാന നിമിഷത്തിലും മൂന്നുമുന്നണികളും. യുഡിഎഫിലേക്ക് തന്നെയെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും. എന്നാല്‍ നിയമസഭാ തെരെഞ്ഞെടുപ്പിലെന്ന പോലെ ക്രൈസ്തവ മുസ്ലീം വോട്ടുകള്‍ ഇടതുമുന്നണിയിലേക്കൊഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സിപിഎം. യൂഡിഎഫിനെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും സ്ഥിരനിക്ഷേപമാണ് ക്രിസ്ത്യാനികള്‍. എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ ചാണ്ടിയുടെപ്പോലുള്ള ജനപ്രിയ നേതാവിന്റെ അഭാവം യുഡിഎഫിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്നാൽ ക്രൈസ്തവവിഭാഗങ്ങളിൽ യാക്കോബായ സഭയൊഴിച്ച് മറ്റുളളവരൊന്നും പിണറായി സര്‍ക്കാരുമായി നല്ല ബന്ധത്തിലല്ല. മലയോര പ്രദേശങ്ങളിലെ വന്യജീവി ശല്യം തടയുന്നതിലെ സര്‍ക്കാരിന്റെ അനാസ്ഥയും ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെബി കോശി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതും മുസ്ളീം ജനവിഭാഗത്തെ പ്രീണിപ്പിക്കുന്നു എന്ന ചിന്തയും ക്രൈസ്തവരെ ഇടതുമുന്നണിയില്‍ നിന്നും അകറ്റുന്നുണ്ട്.
സഭകളെ വശത്താക്കാന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഒരു ചലനവും സൃഷ്ടിച്ചില്ല. ആദ്യമൊക്കെ ചില അനുകൂല സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും മണിപ്പൂര്‍ കലാപവും വടക്കെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അതിക്രമങ്ങളും ബിജെപിയില്‍ നിന്ന് ക്രിസ്ത്യാനികളെ അകറ്റി. തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെലങ്കാന മദര്‍ തെരേസാ സ്കൂളില്‍ തീവ്രഹിന്ദുത്വവാദികള്‍ അഴിഞ്ഞാടുകയും സ്കൂള്‍ മാനേജരായ വൈദികനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായുള്ള വാര്‍ത്തകളും വീഡിയോകളും പുറത്തുവരികയും കൂടി ചെയ്തതോടെ കേരളത്തിലെ അവശേഷിക്കുന്ന ബിജെപി അനുഭാവികളായ ക്രിസ്ത്യന്‍ സംഘടനകള്‍ പോലും നിശബ്ദരായി.
ഇടതുനേതാക്കളുടെ പേരിലുള്ള ഇഡി കേസുകള്‍ ഒതുക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്ന യുഡിഎഫ് പ്രചാരണം ശക്തമാവുകയും ചെയ്തു. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്പ്പുണ്ടാകണമെങ്കില് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും ഐക്യമുന്നണി അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം നടത്തുന്ന മുസ്ളീംവിരുദ്ധ പ്രസംഗങ്ങള്‍ ആ വിഭാഗത്തിന്റെ വോട്ടു തങ്ങള്‍ക്ക് കിട്ടാന്‍ സഹായകരമാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. മുസ്ളീങ്ങള്‍ക്കൊപ്പം നില്ക്കുന്നതില് കോണ്‍ഗ്രസിനെ നിരന്തരം ആക്ഷേപിച്ചാണ് മോദി സംസാരിക്കുന്നത്. ഇത് യുഡിഎഫിന് വലിയോതില്‍ മുസ്ളീം വോട്ടുകള്‍ കിട്ടാന്‍ സഹായകരമാകുമെന്നാണ് കോണ്‍ഗ്രസ് മുന്നണി കരുതുന്നത്.
ഏതായാലും ന്യുനപക്ഷവോട്ടുകള്‍ എങ്ങോട്ടു ചായും എന്നതിനെ അനുസരിച്ചിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. മുസ്ളീം- ക്രൈസ്തവ വോട്ടര്‍മാരുടെ മനസ് എങ്ങോട്ടാണ് ചായുക, മുന്നണികളുടെ പ്രതീക്ഷയും ആശങ്കയും ഇതിനെ ചുറ്റിപ്പറ്റിത്തനെയാണ്.