മാവേലിക്കര : ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും മകളുടെയും മുന്നില്‍ വെച്ച് വെട്ടിക്കൊന്നത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമ്പോള്‍ കൊല ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉണ്ടാക്കിയ സംഘം രഞ്ജിത് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഇവർ വീട് അതിക്രമിച്ചു കയറിയ കേസിലും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. കേസിൽ 13, 14,15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഒന്ന്, രണ്ട്, ഏഴ് പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു.കേസിൽ 31 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ 15 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.
ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര് ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി. ആലപ്പുഴയിലെ ബിജെപി അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്. അതിനിടെ, വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസ് ആലപ്പുഴയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.