ആലപ്പുഴ: ആലപ്പുഴ നൂറനാട് മറ്റപ്പള്ളി കുന്നിടിച്ച് വീണ്ടും മണ്ണെടുക്കാൻ ശ്രമം.സർവ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാൻ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്.
മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നിർത്തി വയ്ക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവംബർ 13നാണ് മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. സർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായാണ് മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞിരുന്നത്. മണ്ണെടുപ്പും നിർത്തി വച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.
നേരത്തെ മന്ത്രി പി. പ്രസാദ് കലക്ടറോട് സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അതിന് ശേഷവും മണ്ണെടുപ്പ് തുടർന്നതോടെ ജനങ്ങൾ തടിച്ചു കൂടുകയും മണ്ണ് കടത്തി കൊണ്ടു പോകുന്ന രണ്ട് വഴികൾ ഉപരോധിച്ചു കൊണ്ട് സമരം ശക്തിപ്പെടുത്തുകയുമായിരുന്നു. സമരം ശക്തമായതോടെ മന്ത്രിയുടെ പ്രതിനിധി ജില്ലാകലക്ടറുമായി സംസാരിക്കുകയും ജില്ലാകലക്ടർ എ.ഡി.എംനെ സമരക്കാർക്കരികിലേക്ക് ചർച്ചക്കായി അയക്കുകയും ചെയ്തു. എന്നാൽ സമരക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടു കൂടി മണ്ണെടുപ്പ് സർവകക്ഷിയോഗം വരെ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു.
മണ്ണെടുപ്പിൽ ജില്ലാ കലക്ടർ അന്വേഷണമാരംഭിച്ചിരുന്നു. മണ്ണെടുപ്പിന് മുമ്പ് പാലിക്കേണ്ട കേന്ദ്രവനം പരിസ്ഥിതി മന്ദ്രാലയത്തിന്റെ പ്രോട്ടോകോൾ അടക്കുമുള്ളത് പാലിച്ചിട്ടില്ലെന്ന കണ്ടെത്തൽ കഴിഞ്ഞ സർവ്വകക്ഷി യോഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് ഏതൊക്കെ നിലയിലാണ് ഇത് പാലിക്കപ്പെടാത്തതെന്നും ഇതിന്റെ ഭാഗമായിട്ടാണോ മണ്ണെടുപ്പ് നടന്നതെന്നും പരിശോധിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു ഇതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.