ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്സൈസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യുക.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നല്കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.
നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്മാര് ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്.