റിയാദ് : അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം. വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ചപ്പോൾ വിജയം നേടാൻ അൽ ഹിലാലിന് കഴിഞ്ഞില്ല. 2021 ന് ശേഷം ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച് അൽ നസർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസറിന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. പല തവണ അൽ ഹിലാൽ കോർട്ടിലേക്ക് അൽ നസർ കടന്നുകയറി. ഷോട്ടുകളുടെ എണ്ണത്തിൽ അൽ നസർ ബഹുദൂരം മുന്നിലായിരുന്നു. എട്ട് ഷോട്ടുകളിൽ അഞ്ചെണ്ണം ഗോൾപോസ്റ്റ് ലക്ഷ്യം വെച്ചായിരുന്നു. അൽ ഹിലാലിന്റെ മുന്നേറ്റ ശ്രമങ്ങൾ അൽ നസറിന്റെ പ്രതിരോധത്തിൽ തട്ടി നിന്നു. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ അൽ ഹിലാൽ മുന്നിലെത്തി. കഴിഞ്ഞ മത്സരത്തിന് സമാനമായി 74-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ എന്ന രക്ഷകൻ അവതരിച്ചത്. റെണാൾഡോ നേടിയ സമനില ഗോളിൽ അൽ നസർ മത്സരത്തിലേക്ക് തിരിച്ചുവന്നു. നിശ്ചിത സമയം അവസാനിക്കുമ്പോൾ സ്കോർ 1-1 ന് തുല്യം.
എക്സ്ട്രാ ടൈമിലാണ് റൊണാൾഡോയുടെ രണ്ടാം ഗോൾ നേട്ടം. അൽ ഹിലാൽ താരങ്ങൾ തടയാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും 98-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോൾ നേടി. മത്സരം 2-1 ന് അൽ നസർ മുന്നിലെത്തി. അവശേഷിച്ച സമയത്ത് അൽ ഹിലാലിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. 114-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റ് പുറത്തായത് അൽ നസറിന് തിരിച്ചടിയായി. എങ്കിലും മത്സരം കൈവിടാതെ ക്രിസ്റ്റ്യാനോയുടെ സഹതാരങ്ങൾ കാത്തു. മത്സരം 2-1 ന് ജയിച്ച് അൽ നസറിന്റെ കിരീട നേട്ടം.