ലഖ്നൗ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് രാഹുലിനൊപ്പം ന്യായ് യാത്രയില്‍ പങ്കെടുത്തത്.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു. വരുംദിവസങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും അഖിലേഷ് പറഞ്ഞു.
വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര് എന്ന കുറിപ്പോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായതിന്റെ ചിത്രവും അഖിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.