ലഖ്നൗ: ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻ.ഡി.എയിലേക്കു മടങ്ങിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അഖിലേഷ് യാദവ്. ഇൻഡ്യ സഖ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമെന്ന് എസ്.പി തലവൻ പറഞ്ഞു.
സഖ്യത്തിൽ ആരും പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുണ്ടെന്നും അഖിലേഷ് പറഞ്ഞു.ഇൻഡ്യ സഖ്യത്തിന്റെ കൺവീനർ സ്ഥാനം നിതീഷ് കുമാർ നിരസിച്ചിരുന്നു. നേരത്തെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സഖ്യത്തിന്റെ ചെയർപേഴ്സനാക്കിയതിലും നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ബി.ജെ.പിയുമായി ചർച്ച നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
എന്നാൽ, കൺവീനർ കോൺഗ്രസുകാരനാകണമെന്നാണ് നിതീഷിന്റെ നിലപാടെന്നാണ് ജെ.ഡി.യു നേതാവ് സഞ്ജയ് കുമാർ ഝാ പ്രതികരിച്ചത്.മറുകണ്ടം ചാടിയേക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജെ.ഡി.യു നേതാവ് ഉമേഷ് സിങ് കുഷ്വാഹ നേരത്തെ രംഗത്തെത്തിയിരുന്നു.