ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എം.പി. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.അഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ദതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതാണെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചു.ശിവന്റെ ചിത്രം ഉയർത്തിക്കാട്ടി നിർഭയത്വവും അഹിംസയുമാണ് ശിവൻ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. കഴുത്തിലുള്ള സർപ്പം നിർഭയത്വത്തിന്റെയും ഇടതുകൈയിലുള്ള ത്രിശൂലം അഹിംസയുടെയും നിദർശനമാണ്. എന്നാൽ, ഹിന്ദുവെന്ന് പറയുന്നവർ ഹിംസയെയും വിദ്വേഷത്തെയും വ്യാജങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കിൽ നിങ്ങൾ ഹിന്ദുക്കളല്ല എന്ന് ബി.ജെ.പി അംഗങ്ങളെ നോക്കി രാഹുൽ പറഞ്ഞു. ഹിംസയുടെ ആളുകളായതു കൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലതുകൈയിൽ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മേദി രണ്ടുതവണ എഴുന്നേറ്റ് നിൽക്കുന്ന അപൂർവ കാഴ്ചക്ക് ലോക്സഭ സാക്ഷ്യം വഹിച്ചു.