2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ ആദ്യത്തെ സീറ്റു വിഭജനം പൂര്‍ത്തിയായത് ഉത്തര്‍പ്രദേശിലാണ്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു അത്. അമേഠിയുള്പ്പെടെ പതിനേഴ് സീറ്റുകളാണ് ഇന്ത്യാ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനായി സമാജ് വാദി പാര്‍ട്ടി മാറ്റിവച്ചിട്ടുള്ളത്.
ഉത്തര്‍പ്രദേശിലുള്ള 80 ലോകസ്ഭാ സീറ്റില്‍ 63 സീറ്റിലാണ് മുലായം സിങ് യാദവിന്റെ മകന് അഖിലേഷ് നേതൃത്വം നല്കുന്ന സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുന്നത്.
ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി വീണ്ടും അമേഠിയില്‍ നിന്നും മല്‍സരിക്കണമെന്ന നിര്‍ദേശം അഖിലേഷ് യാദവ് മുന്നോട്ടു വച്ചത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും രാഹുല്‍ തന്റെ കുടുംബ മണ്ഡലമായ അമേഠിയില്‍ നിന്നും ജനവിധി തേടണമെന്നാഗ്രഹമുണ്ട്. അമേഠിയിലേക്ക് രാഹുലിന്റെ ‘ ഖര് വാപ്പസി’ യു പി യിലെ കോണ്‍ഗ്രസ് നേതാ്ക്കളും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ കേംബ്രിഡ്ജിലുള്ള രാഹുലാകട്ടെ മാര്‍ച്ച് ഒന്നാം തീയതിയെ തിരിച്ചെത്തുകയുള്ളു. അതിന് ശേഷമേ ഇക്കാര്യത്തില്‍ അദ്ദേഹം മനസ് തുറക്കുകയുള്ളുവെന്നാണ് എ ഐ സിസി വൃത്തങ്ങള്‍ നല്കുന്ന സൂചന.
കാര്യമായ മുറുമുറുപ്പൊന്നും കൂടാതെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണക്ക് അഖിലേഷ് യാദവ് തയ്യാറായത് തന്നെ ബി ജെ പിയുടെ തോരോട്ടം തടുക്കാന്‍ തനിക്ക് ഒറ്റക്ക്് കഴിയില്ലന്ന് ഉറപ്പുള്ളത് കൊണ്ടാണ്. മോദിയും യോഗിയും ചേര്‍ന്ന് ശരിക്കും ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ണ് ഉഴുതുമറിച്ചിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ മുസ്ളീം- യാദവ വോട്ടു ബാങ്കിനെ യാദേവേതര ഒബിസി- ദളിത് – സവര്‍ണ്ണ സഖ്യം കൊണ്ടു തൂത്തെറിഞ്ഞ മോദി- യോഗി ദ്വന്ദ്വത്തെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുകയല്ലാതെ നിലവില്‍ അഖിലേഷിന് മുന്നില്‍ വഴിയൊന്നുമില്ല. കോണ്‍ഗ്രസിന്റെ സ്ഥിതിയും അതു തന്നെ.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രയുടെ രണ്ടാം എപ്പിസോഡായ ഭാരത് ജോഡോന്യായ് യാത്രക്ക് യു പി യില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. അഖിലേഷ് യാദവ് അതില്‍ പങ്കെടുക്കുകും ചെയ്തു. എന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയുടെ അടുത്തൊന്നുമെത്താന്‍ രാഹുലിനായിട്ടല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരെ പലയിടത്തും ജനവികാരമുണ്ട്. പ്രത്യേകിച്ച് തൊഴിലില്ലായ്മ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതും , പൊലീസിലേക്കുള്ള പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവവും , കാര്‍ഷിക പ്രശ്നങ്ങളും തങ്ങള്‍ക്ക് തുണയാകുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിലയിരുത്തല്‍
2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ ബി ജെ പി വന്‍ വിജയം നേടിയിരുന്നെങ്കിലും അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 38 ശതമാനത്തിലധികം വോട്ട് നേടിയിരുന്നു. 38 ശതമാനം വോട്ടെന്നാല്‍ 80 ലോക്സഭാ സീറ്റില്‍ 30 എണ്ണത്തില്‍ ഭൂരിപക്ഷം എന്നാണര്‍ത്ഥം. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിംഗ് ശതമാനം നിലനിര്‍ത്താന്‍ കഴിയുന്ന ആത്മവിശ്വാസത്തിലാണ് അഖിലേഷ് യാദവും കോണ്‍ഗ്രസും. മുസ്ളീം വോട്ടുകള്‍ ഇത്തവണയും അഖിലേഷ് കോണ്‍ഗ്രസ് സഖ്യത്തിന്റെ പെട്ടിയില്‍ വീഴുമെങ്കിലും നിര്‍ണ്ണായകമായ യാദവ വോട്ടുകള്‍ രാമക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്നുണ്ടായ വൈകാരികതയില്‍ ബി ജെ പിക്ക് പോകുമോ എന്ന ഭയവും സമാജ് വാദി പാര്‍ട്ടിക്കുണ്ട്. മോദിയും യോഗിയും യാദവ വോട്ടില്‍ കണ്ണവയ്ക്കുന്നമുണ്ട്.
മായാവതിയുടെ കയ്യിലുള്ള ദളിത് വോട്ടുകള്‍ ബി ജെ പി തട്ടിയെടുക്കുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ഭയം. 19 ശതമാനത്തിലധികം ദളിത് വോട്ടുകള്‍ എപ്പോഴും കയ്യിലുള്ള പാര്‍ട്ടിയാണ് ബി എസ് പി . ആ വോട്ടുകള്‍ ബി ജെ പി തട്ടിയെടുത്താല്‍ എസ് പി – കോണ്‍ഗ്രസ് സഖ്യത്തിന് അത് വലിയൊരു തിരിച്ചടിയായിരിക്കും സമ്മാനിക്കുക. 12 വര്‍ഷമായി ബി എസ് പി ഉ്ത്തര്‍പ്രദേശില്‍ അധികാരത്തിന് പുറത്ത് നില്‍ക്കുകയാണ്. നാല് തവണ യു പി മുഖ്യമന്ത്രി പദവി അലങ്കരിച്ച ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ദളിത് നേതാവായി അറിയപ്പെട്ടിരുന്ന മായാവതി ഇപ്പോള്‍ ബി ജെ പിയുടെ ബി ടീമായി മാറിയെന്ന ആരോപണം ഏറ്റുവാങ്ങുകയാണ്. തങ്ങള്‍ക്കെതിരായ വോട്ടുകള്‍ വിഭജിച്ചുപോകാന്‍ മായാവതിയെ ബി ജെപിയും മോദിയും ഉപയോഗപ്പെടുത്തുമെന്ന ഭയവും കോണ്‍ഗ്രസിനും എസ് പി ക്കുമുണ്ട്.
2019 ല്‍ 80 ല്‍ 64 സീറ്റിലാണ് ബി ജെപി വിജയം കൈവരിച്ചത്. അത് കൊണ്ട് തന്നെ ഇത്തവണയും അവര്‍ ഏറ്റവും മുന്‍ഗണനയും ശ്രദ്ധയും നല്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് ആരുനേടുന്നോ അവര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. രാമക്ഷേത്രവും , ക്രമസമാധാനം ഭദ്രമാക്കാന്‍ യോഗി സര്‍ക്കാര്‍ എടുത്ത നടപടികളും, ഉത്തര്‍പ്രദേശിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്കുമെല്ലാം ബി ജെ പിക്ക് ഇപ്പോള്‍ തന്നെ വലിയ മേല്‍ക്കൈ യു പി രാഷ്ട്രീയത്തില്‍ നേടിക്കൊടുത്തിട്ടുണ്ട്. ഇത്തവണയും ഏതാണ്ട് 60 ലധികം സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. അത് കൊണ്ട് തന്നെ ഈ ഹിന്ദി ഹൃദയഭൂമി 2024 ല്‍ സാക്ഷ്യം വഹിക്കുന്നത് കനത്ത രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ്