പത്തനംതിട്ട : നിയമനക്കോഴ വിവാദത്തിൽ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട സിജെഎം കോടതിയിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയിൽ സമർപ്പിക്കും.
നിലവിൽ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആണ് അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ തേനിയിൽ നിന്നും പിടികൂടിയ അഖിൽ സജീവനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക തെളിവുകളാണ് അന്വേഷണത്തിന് ലഭിച്ചത്.
സ്പൈസസ് ബോർഡിലെ നിയമനത്തിനായുളള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്ക് എന്ന് സജീവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു . കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തുവരുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ബാസിത്, റഹീസ് എന്നിവർ അടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും അഖിൽ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഖിൽ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുറെ നാളായി ചെന്നൈയിലായിരുന്നു അഖിലിന്റെ താമസം. പൊലീസ് സംഘമെത്തുമെന്ന് അറിഞ്ഞാണ് തേനിയിലേക്ക് മുങ്ങിയത്. അഖിൽ സജീവിനെ അന്വേഷിച്ച ചെന്നൈയിലേക്കും പൊലീസ് സംഘം പോയിരുന്നു.