ഹൈദരാബാദ്: നിയമസഭയിലെ മുതിര്‍ന്ന അംഗമായ അക്ബറുദ്ദീന്‍ ഒവൈസി തെലുങ്കാന പ്രോടെം സ്പീക്കറായി ചുമതലയേറ്റു. ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) എംഎല്‍എയാണ് അക്ബറുദ്ദീന്‍.
എന്നാല്‍ ബിജെപി എംഎല്‍മാര്‍ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള അക്ബറുദ്ദീന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാനാവില്ലെന്ന് ബിജെപി അംഗം രാജാസിംഗ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് അക്ബറുദ്ദീനെ പ്രോടെം സ്പീക്കറാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതിന് പിന്നാലെ ചടങ്ങില്‍നിന്ന് വിട്ട് നില്ക്കാന് ബിജെപി തീരുമാനിക്കുകയായിരുന്നു. ബിജെപിയുടെ എട്ട് അംഗങ്ങളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. സ്ഥിരം സ്പീക്കറെ നിയമിച്ചശേഷം മാത്രം സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ബിജെപി.
ഇന്ന് രാവിലെയാണ് പുതിയ തെലങ്കാന നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചത്. രാവിലെ അക്ബറുദ്ദീൻ ഉവൈസി ഗവർണർ തമിഴ്സൈ സൗന്ദർ രാജനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. ഇതിനുശേഷം 11 മന്ത്രിമാരുടേയും സത്യപ്രതിജ്ഞ നടക്കും. ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാർക്ക ധനം, ആസൂത്രണം, ഊർജ വകുപ്പുകളും മുൻ ടിസിസി പ്രസിഡന്റായിരുന്ന ഉത്തം കുമാർ റെഡ്ഡി ജലസേചനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമാണ് കൈകാര്യം ചെയ്യുക.
ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും മുൻനക്സലൈറ്റുമായ ധനസാരി അനസൂയ സീതാക്ക പഞ്ചായത്തിരാജ്, ഗ്രാമീണ വികസനം, വനിതാ ശിശു സംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കും.