സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്. സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത ദേവിയെ അപമാനിക്കാനായുള്ള ബംഗാൾ സർക്കാരിന്റെ ശ്രമം എന്നാരോപിച്ചാണ് വി.എച്ച് പി കോടതിയെ സമീപിച്ചത്.
ത്രിപുരയിലെ സൂവോളജിക്കൽ പാർക്കിൽ നിന്നും ഫെബ്രുവരി 13 നാണ് സീതയും അക്ബറും ബംഗാളിൽ എത്തിയത്. സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും അല്ലെങ്കിൽ രണ്ടിടത്തായി നിർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.‘നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാൽ സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങൾ കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചു’ -വി.എച്ച്.പിയുടെ അഭിഭാഷകൻ ശുഭങ്കർ ദത്ത പറഞ്ഞു.
ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്. ഫെബ്രുവരി 20ന് ഹരജിയിൽ വാദം കേൾക്കും.