ന്യൂഡൽഹി :സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി, മുസ്ലിംങ്ങൾ, കിരാതമായ നിയമങ്ങൾ’ തുടങ്ങിയ വാക്കുകളാണ് നീക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി.
സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകൾ നീക്കം ചെയ്യുകയും, ഭരണത്തിന്റെ ‘പാപ്പരത്തം’ എന്ന പ്രയോഗത്തിന് പകരം പരാജയം എന്നാക്കി മാറ്റേണ്ടി വരികയും ചെയ്തു. ജി ദേവരാജന്റെ പ്രസംഗത്തിൽ നിന്ന് ‘മുസ്ലിംങ്ങൾ’ എന്ന വാക്കാന് ഒഴിവാക്കിയത്. ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിൽ വെച്ചായിരുന്നു യെച്ചൂരിയുടെ ടെലിവിഷൻ പ്രഭാഷണം. കൊൽക്കത്തയിൽ നിന്നാണ് ദേവരാജന്റെ അഭിമുഖം ചിത്രീകരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് പരമാർശങ്ങൾ നീക്കിയത് വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ മാസത്തിൽ പുരത്തിറത്തിയ ഉത്തരവ് പ്രകാരം ദേശീയ പാർട്ടികളുടെയും സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾക്ക് ദൂരദർശനിലും ആകാശവാണിയിലും സംസാരിക്കാൻ അവസരം നൽകണം. ആറ് ദേശീയ പാർട്ടികളും 59 സംസ്ഥാന പാർട്ടികളുമാണ് ഇതിന് അർഹരെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പ്രസംഗത്തിൽ നിന്നാണ് പരാമർശങ്ങൾ നീക്കിയത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങൾ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി അധികൃതർ വിശദീകരണം നൽകി. മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ പോലും ഇത്തരത്തിൽ തിരുത്തിയിട്ടുള്ള അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതർ പറയുന്നു.