കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. രൂപമാറ്റം വരുത്തിയ ജീപ്പ് ഇന്നലെ രാത്രിയാണ് പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.വാഹനത്തിന്റെ വലിയ രണ്ട് ടയറുകളും മറ്റു എക്സ്ട്രാ ഫിറ്റിങ്ങുകളുമെല്ലാം മാറ്റിയിട്ടുണ്ട്. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
കേസെടുത്തിട്ടും ഇതുവരേയും വാഹനം പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. മറ്റ് ആർ.ടി.ഒ, സബ് ആർ.ടി.ഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്. ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമയ്ക്കെതിരേ എം.വി.ഡി നടപടിയെടുത്തിരുന്നു.
ഒൻപത് കുറ്റങ്ങളാണ് എം.വി.ഡി ചുമത്തിയത്. 45,000 രൂപ പിഴയും വിധിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടുനൽകിയെന്ന കേസ് ഉടമയ്ക്കെതിരെ എടുത്തിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. വാഹനം മലപ്പുറം മൊറയൂർ സ്വദേശിയുടേതാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നേരത്തേയും നിയമ ലംഘനങ്ങൾക്ക് പിടിയിലായ വാഹനമാണിത്.