ന്യുഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയര്‍ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോള്‍ പ്രവര്‍ത്തന ചെലവ് 1,866 കോടി രൂപയായി. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി കെ സിംഗ് ലോകസഭയില്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം മുന്‍കൂര്‍ ഓപ്പറേറ്റിംഗ് ചെലവുകളും സ്റ്റേഷനുകളും പുതിയ റൂട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവുമാണ് എയര്‍ലൈനിനെ നഷ്ടത്തിലേക്ക് നയിച്ചത്.
ആകാശ എയര്‍ ധന സമാഹരണത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി ഇക്വിറ്റി ഓഹരികള്‍ വഴി 75 മുതല്‍ 100 മില്യണ്‍ ഡോളര്‍ വരെ എയര്‍ലൈന്‍ സമാഹരിക്കും. മാത്രമല്ല, ആകാശ എയര്‍ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ വിതരണത്തിന് മുന്‍പ് വിമാന കമ്പനികള്‍ക്ക് പേയ്മെന്റുകള്‍ നടത്താന്‍ ഈ ഫണ്ട് എയര്‍ലൈന്‍ ഉപയോഗിക്കും. 2 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് ആകാശ ഓഡര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 19 എണ്ണം ഡെലിവറി ചെയ്തു കഴിഞ്ഞു.
പ്രവര്‍ത്തനം ആരംഭിച്ച് വെറും 11 മാസത്തിനുള്ളില്‍, ആകാശ എയര്‍ ഇതിനകം തന്നെ 5% വിപണി വിഹിതം നേടിയിട്ടുണ്ട്, സ്പൈസ് ജെറ്റിനേക്കാള്‍ ഉയര്‍ന്നതാണ് ഇത്, ഈ വര്‍ഷം അവസാനത്തോടെ 100ലധികം വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കുമെന്ന് കോപ്രൊമോട്ടറും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു. പണം സ്വരൂപിക്കുന്നതിനായി, ആകാശ എയര്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും സമീപിച്ചിട്ടുണ്ട്.