ന്യൂഡൽഹി: എം.എൽ.എ സ്ഥാനമടക്കം രാജിവെക്കണമെന്ന അജിത് പവാർ പക്ഷത്തിന്റെ ആവശ്യം തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ഉത്തരവ് ശരിയായി വായിക്കാത്തവർ ആണ് രാജി ആവശ്യപ്പെടുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
തങ്ങൾ രാജി വെച്ചാൽ മഹാരാഷ്ട്രയിലെ എം.എൽ.എമാരും എംപിമാരും രാജി വെയ്ക്കണമെന്നും അങ്ങനെയായാൽ എൻ.സി.പിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനകോട്ട കെട്ടണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിന്റേതാണെന്ന് മന്ത്രി എകെ ശശീന്ദ്രന് പ്രതികരിച്ചു. ഇക്കാര്യം ജനപിന്തുണ കൊണ്ട് തെളിയിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ബാധകമല്ലെന്നും മന്ത്രി ശശീന്ദ്രന് പറഞ്ഞു.
എന്‍സിപിക്ക് ദേശീയാംഗീകാരം നഷ്ടപ്പെട്ട ശേഷം രണ്ടു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായിട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. അത് മഹാരാഷ്ട്രയിലും, നാഗാലാന്‍ഡിലും മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും മാത്രം ബാധകമായിരിക്കുമെന്നത്, കമ്മീഷന് ഉത്തരവ് ശരിക്ക് മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകുമെന്ന് മന്ത്രി ശശീന്ദ്രന് പറഞ്ഞു. കേരള നിയമസഭയിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കണമെന്നും അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും മുഹമ്മദ് കുട്ടി പറഞ്ഞിരുന്നു.