തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് പാര്‍ട്ടി നടപടിയെടുക്കാനൊരുങ്ങുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ സ്വാഗതം ചെയ്ത് സിപിഎം.കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പ്രതികരിച്ചു.
ഷൗക്കത്തിനെ തൊടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഷൗക്കത്തിനെതിരേ നടപടിയെടുത്ത് കഴിഞ്ഞാല്‍ വള പൊട്ടുന്നതുപോലെ കോണ്‍ഗ്രസ് പൊട്ടുമെന്നും എ.കെ.ബാലന് പറഞ്ഞു.കോണ്‍ഗ്രസിനുള്ളിലെ ശക്തനായ ഒരു മതനിരപേക്ഷവാദിയാണ് ഷൗക്കത്ത്. പലസ്തീന് വിഷയത്തില്‍ അദ്ദേഹത്തിന് ശക്തമായ നിലപാടുണ്ട്. ഇക്കാര്യത്തില്‍ ഷൗക്കത്തിനെതിരേ അച്ചടക്ക നടപടി ഉണ്ടായാല്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകുമെന്നും എ.കെ.ബാലന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷൗക്കത്ത് വിഷയത്തില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് കെപിസിസി അച്ചടക്ക സമിതി യോഗം ചേരും. ഷൗക്കത്തിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കും. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്ന് സമിതി വിലയിരുത്തും. ഷൗക്കത്തിനെതിരേ നടപടി വേണോയെന്ന് അതിന് ശേഷമാകും പാര്‍ട്ടി നേതൃത്വം തീരുമാനിക്കുക. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നതാണ് എ.കെബാലന്റെ പരാമര്‍ശം.