തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് വിശ്രമിക്കാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്. തെരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ അവകാശമുണ്ടെന്നും ബാലന് പറഞ്ഞു.
ആറുദിവസംകൊണ്ട് പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനം സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വകാര്യസന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേണോ. 92000 രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാണ് കാശ് എന്ന് ചോദിക്കുന്നതില്‍ എന്താണ് അര്‍ഥം. മുഖ്യമന്ത്രിയുടെ ടിഎ കൂടി കൂട്ടിയാല്‍ ഒന്നേകാല്‍ ലക്ഷം രൂപയുണ്ടാകില്ലേയെന്നും ബാലന് ചോദിച്ചു.
ആലയില്‍ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് കെ.സുധാകരന് പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. സുധാകരന് നടത്തിയ യാത്രയെക്കുറിച്ച് തന്നെക്കൊണ്ട് പറയിക്കേണ്ടെന്നും ബാലന് വിമര്‍ശിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സുധാകരന്റെ അംഗീകാരം വാങ്ങണോ. യാത്രയുടെ വിശദാംശങ്ങള്‍ വേണമെന്നാണ് പറയുന്നത്. ഏത് ഹോട്ടലിലാണ് താമസിച്ചത്, താമസിച്ചത് ഡബിള്‍ റൂമാണോ, സിംഗിള്‍ റൂമാണോ, ഇവരൊക്കെ ഒന്നിച്ചാണോ താമസിച്ചത്. തുടങ്ങിയ ചോദ്യത്തിനൊക്കെ മറുപടി പറയാന്‍ ആരെയാണ് കിട്ടുക. ഇത്ര പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പോകരുതെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.