ഡൽഹി: പി.വി അൻവർ എംഎൽഎക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ ബാലൻ. അൻവർ മതവിശ്വാസവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബാലൻ പറഞ്ഞു. അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും പാരമ്പര്യമുള്ള ഒരു പിതാവിൻറെ മകന് യോജിച്ചതാണോ ഈ പരാമർശങ്ങളെന്ന് അൻവർ പരിശോധിക്കണമെന്നും ബാലൻ മറുപടി നൽകി.
അൻവർ നമസ്കാരത്തിന്റെ പേരിൽ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അഞ്ച് നേരം നമസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. മതത്തേയും, വിശ്വാസത്തേയും അൻവർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. ന്യൂനപക്ഷത്തിനിടയില്‍ പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഇതുകൊണ്ടൊന്നും പിണറായിയെ തകര്‍ക്കാനാവില്ല.
അന്‍വറിന്റെ പരാതിയില്‍ മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എ.കെ.ബാലൻ പറഞ്ഞു. എംവിആറും ഗൗരിയമ്മയും അവസാന നാളുകളിൽ ചെങ്കൊടി പുതച്ച് കിടക്കണമെന്നാണ് ആഗ്രഹിച്ചത്. അൻവർ അങ്ങനെ ആഗ്രഹിക്കുമോ എന്ന് അറിയില്ല. കാരണം അൻവർ പാർട്ടി മെമ്പറല്ല. ബാലൻ പറഞ്ഞു.