തിരുവനന്തപുരം : ധൈര്യമുണ്ടങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലന്. തൊട്ടടുത്ത ദിവസം പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരത്തില്‍ വരും. രാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും എകെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
‘ഗവര്‍ണറുടെ ചെയ്തികളോട് കേരളത്തിന് സഹാക്കാനാവില്ലെന്നതിന്റെ തെളിവാണ് കോളജുകളിലെ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് ക്രിമിനലുകളാണ് എന്നാണ്. ഗവര്‍ണര്‍ പറഞ്ഞ ഈ ക്രിമിനലുകളാണ് കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ജയിച്ചിട്ടുളളത്. ചിലയിടത്ത് എതിരാളികളില്ലാതെയാണ് ജയം. ഇതുപോലെ എസ്എഫ്ഐക്ക് വിജയമുണ്ടായ ഒരു കാലഘട്ടം ഇല്ല. അത് ഗവര്‍ണറുടെ സമീപനത്തിന്റെ ഭാഗമാണ്’ എകെ ബാലന് പറഞ്ഞു.
‘ആരിഫ് മുഹമ്മദ് ഖാന് മുന്‍പ് ജസ്റ്റിസ് സദാശിവം ആയിരുന്നു കേരള ഗവര്‍ണര്‍. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നു. ഭരണഘടനപരാമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മാതൃകയായിരുന്നു. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അറിയാമായിരിന്നിട്ട് പോലും അത് അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുത്ത സര്‍ക്കാരിനെ മാനിക്കുന്ന സമീപനമാണ് അദ്ദേഹം കാട്ടിയത്. ആ പാതയില്‍ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. ഭരണഘടന 153 പ്രകാരം ഒരു ഗവര്‍ണര്‍ വേണം എന്നുള്ളത് സത്യമാണ്. അഞ്ച് വര്‍ഷമാണ് അദ്ദേഹത്തിന്റെ കാലാവധി. പിന്നീട് വേണമെങ്കില്‍ നീട്ടികൊടുക്കാം. ഈ നീട്ടിക്കൊടുത്ത ആനുകൂല്യം പറ്റിയാണ് വെല്ലുവിളി നടത്തുന്നത്.
നിയമസഭയുടെ കാലാവധി കഴിഞ്ഞാല്‍ സാധാരണ നിലയില്‍ ഒരു പുതിയ സര്‍ക്കാര്‍ വരുന്നതുവരെ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാന്‍ സമയം നീട്ടിക്കൊടുക്കും. ആ കാലത്ത് നിയമപരമായ ഒരു തീരമാനവും കൊക്കൊള്ളില്ല. ആരിഫ് മുഹമ്മദ് ഖാന് സ്റ്റെപ്പിനി ഗവര്‍ണറാണ്. ഭരണഘടനാവിരുദ്ധമായ ഒരുസമീപനവും സ്വീകരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. കേരളത്തിലെ നിയമസംവിധാനം തകരണമെന്നാതാണ് അദ്ദേഹത്തിന്റെ നിലപാട്. ഡിജിപിയും ചീഫ് സെക്രട്ടറിയും അകത്ത് കയറാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അവിടെ നിയമസമാധാനപ്രശ്നമുണ്ടായാല്‍ എന്തായിരിക്കും സ്ഥിതി. അകത്ത് കയറരുതെന്ന ഗവര്‍ണറുടെ സംസാരം ഭരണഘടനാ ലംഘനമാണ്. അത് പറയാനുള്ള ബാധ്യത ഗവര്‍ണര്‍ക്കില്ല. ഗവര്‍ണറെയും ഗവര്‍ണറുടെ വസതിയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. ആബാധ്യത പോലും ഏറ്റെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവണ്ട എന്നതാണ് അദ്ദേഹം നല്കുന്ന സന്ദേശം.
സിപിഎമ്മിനെ ഒറ്റപ്പെടുത്താം, പിണറായി വിജയനെ മൂലയ്ക്കിരുത്താം എന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സര് സിപിയെ കേരളത്തില്‍ നിന്ന് എങ്ങനെയാണ് കെട്ടുകെട്ടിച്ചതെന്ന് അദ്ദേഹം പഠിക്കണം. ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രുപം കൊണ്ട അവതാരമായിരുന്നു ഹിറ്റ്ലര്‍. അവസാനം തന്റെ കാമുകിയൊടൊപ്പം ആത്മഹത്യ ചെയ്തതാണ് ചരിത്രം. അത് ഗവര്‍ണര്‍ മനസിലാക്കുന്നതാണ് നല്ലത്.
പരമാവധി 356ാം വകുപ്പ് പ്രകാരം പിരിച്ചുവിടാന്‍ അദ്ദേഹത്തിന് കഴിയുമായിരിക്കും. പിരിച്ചുവിട്ട പിറ്റേദിവസം ലോകോളജ് കണ്ട കുട്ടി വാദിച്ചാല്‍ കേരള സര്‍ക്കാര്‍ തിരിച്ചുവരും. ആദ്യം അത് മനസിലാക്കണം. സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നു. തൊട്ടടുത്ത ദിവസം പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരത്തില്‍ വരും. രാഷ്ട്രപതിയോട് അങ്ങനെ ആവശ്യപ്പെട്ടാല്‍ അതിന് പുല്ലാവിലയാണ് നല്‍കുക’ ബാലന് പറഞ്ഞു.