കെപിസിസി ഓഫീസില്‍ എകെ ആന്റണി നടത്തിയ വാർത്താസമ്മേളനം കണ്ടവര്‍ക്കൊക്കെ ഒരുകാര്യം മനസിലായിട്ടുണ്ടാകും, എകെ ആന്റണി എന്ന സീസണ്‍ഡ് പൊളിറ്റീഷ്യന്, ടൈമിംഗിന്റെ കാര്യത്തില്‍ ഇപ്പോഴും അഗ്രഗണ്യനാണെന്ന്. വാർത്താസമ്മേളനമായാലും രാഷ്ട്രീയപ്രസ്താവനയായാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കലായാലും മകന്റെ രാഷ്ട്രീയനിലപാടിനെ തള്ളിപ്പറയുന്നതായാലും അത് എപ്പോള്‍ വേണമെന്ന് എകെ ആന്റണിയെ ആരും പഠിപ്പിക്കേണ്ടതില്ല.
” ഈ തെരഞ്ഞെടുപ്പില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം പൊതുരംഗത്ത് വന്ന കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് നിലപാട്. ഞാന്‍ പ്രചാരണത്തിന് പോകാതെ തന്നെ ആന്റോ ആന്റണി പത്തനംതിട്ടയില്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. കേരളത്തിലെ ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞു. അത് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് സമയമായിരുന്നു. ശബരിമലയിലെ യുവതീപ്രവേശനവിഷയം കത്തി നിന്ന ഘട്ടത്തിൽ ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019ല്‍ കിട്ടിയ വോട്ട് കേരളത്തില്‍ ബിജെപിക്ക് ഒരിടത്തും കിട്ടില്ല. എല്ലായിടത്തും അവര്‍ മൂന്നാം സ്ഥാനത്തായിരിക്കും” ഈ വാചകങ്ങളിലൂടെ വരും ദിവസങ്ങളില്‍ ബിജെപിയും സിപിഎമ്മും എടുത്തുപയോഗിക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ ആയുധങ്ങളുടെ മുനയൊടിക്കുകയാണ് ആന്റണി ചെയ്തത്.
മകന് അനില്‍ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പറഞ്ഞതിലൂടെ സ്വന്തം മകന് അനിലിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെക്കൂടി തള്ളിപ്പറയുകയായിരുന്നു ആന്റണി. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ദേശവിരുദ്ധരാണെന്ന തരത്തിലുള്ള പ്രസ്താവനയാണ് അനില്‍ ആന്റണി കഴിഞ്ഞ ദിവസം നടത്തിയത്. അതിനെതിരെ എകെ ആന്റണി എന്ത് പറയുമെന്നായിരുന്നു പൊതുവെയുണ്ടായിരുന്ന ആകാംക്ഷ. ആന്റണി മകനെ തള്ളിപ്പറയുമോ എന്ന സംശയം യുഡിഎഫ് വൃത്തങ്ങളില്‍ തന്നെ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ അത്തരം സംശയങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് തന്റെ മകന് അനില്‍ ആന്റണി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പ്രഖ്യാപിച്ചതോടെ പ്രായോഗിക രാഷ്ട്രീയത്തിലെ ടൈമിങ്ങിന്റെ കാര്യത്തില്‍ ആന്റണിയെ വെല്ലാന്‍ ആരുമില്ലെന്ന വസ്തുതക്ക് ഒരിക്കല്‍ കൂടി അടിവര വീഴുന്നു.
പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറിവരുന്നതു കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരിടത്തും ഇറങ്ങേണ്ടെന്നാണ് എകെ ആന്റണി തീരുമാനിച്ചിരിക്കുന്നത്. ആന്റണി പത്തനംതിട്ടയില്‍ എത്തുമോ അനിലിനെതിരെ പ്രസംഗിക്കുമോ എന്നെല്ലാം സംശയങ്ങൾ ഉയർന്നിരിക്കുമ്പോഴാണ് 84 വയസ്സ് കഴിഞ്ഞ താന്‍ പ്രചാരണത്തില്ലെന്ന് ആന്റണി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രചാരണത്തിന് ഇറങ്ങാതിരിക്കുന്നത് ഒരിക്കലും കോണ്‍ഗ്രസിനോ യുഡിഎഫിനോ രാഷ്ട്രീയ തിരിച്ചടിയായി മാറരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അനില്‍ ആന്റണിക്കെതിരെ എന്തെങ്കിലും പറയേണ്ടിവരുമെന്ന് ഭയന്നാണ് എകെ ആന്റണി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന പ്രചാരണം സിപിഎം പതിയെ തുടങ്ങിയിരുന്നു. അതിന്റെ മൂർച്ച കുറക്കാനുള്ള നീക്കമാണ് ആന്റണി വാർത്താസമ്മേളനത്തിൽ നടത്തിയത്.
അനില്‍ ആന്റണിക്കെതിരെ അദ്ദേഹത്തിന്റെ പിതാവ് ഒന്നും മിണ്ടാതിരിക്കുന്നത് ബിജെപി പ്രചാരണരംഗത്ത് സമര്‍ത്ഥമായി ഉപയോഗിക്കുമെന്ന സംശയം കോണ്‍ഗ്രസ് നേതൃത്വത്തിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യദ്രോഹികളെ സഹായിക്കുന്നു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നിരന്തരം അനില്‍ ആന്റണി ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ എകെ ആന്റണിക്ക് പോലും ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണം ബിജെപി തുടങ്ങിയിരുന്നു. ആ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയായി മോദിയെയും പിണറായിയേയും കടന്നാക്രമിച്ചുകൊണ്ടുള്ള വാർത്താസമ്മേളനം.
എകെ ആന്റണി എന്ന രാഷ്ട്രീയക്കാരന് ഇപ്പോഴും തന്ത്രശാലിയാണ്. തന്റെ പ്രാധാന്യം ആന്റണിയോളം തിരിച്ചറിയുന്ന മറ്റൊരു നേതാവ് ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിലില്ല. പ്രചാരണരംഗത്ത് സജീവമായി ഇല്ലാത്തതിനാൽ കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ തന്നെ ഒതുക്കി മൂലക്കിരുത്തിയെന്ന സന്ദേശമാണ് പരക്കുക എന്ന് ആന്റണിക്ക് നന്നായി അറിയാം. അതിലൊരു വ്യക്തത വരുത്താൻ കൂടിയായിരുന്നു ഇടതിനും ബിജെപിക്കുമെതിരെ ഒര പോലെ ആഞ്ഞടിച്ചുകൊണ്ടുള്ള ആന്റണിയുടെ വാർത്താസമ്മേളനം. രാഷ്ട്രീയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടൈമിംഗ് ആണ്. എകെ ആന്റണിയെന്ന തന്ത്രശാലിയെ അതാരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യവുമില്ല