മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ പുനഃസംഘടനയില്‍ നിര്‍ണായക വകുപ്പുകള്‍ എന്‍സിപി മന്ത്രിമാര്‍ക്ക് നല്കി ബിജെപി നേതൃത്വം. എന്‍സിപി പിളര്‍ത്തി ഒപ്പം വന്ന അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് നല്‍കിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ശരദ് പവാറിനെ തഴഞ്ഞ് അജിത് പവാറിനൊപ്പം വന്ന എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും പ്രധാനപ്പെട്ട വകുപ്പാണ് മഹാരാഷ്ട്ര സര്‍ക്കാരില്‍ നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ട്രെഷറിയുടെ താക്കോല്‍ അജിത് പവാറിന് നല്കിയ ബിജെപി മുതിര്‍ന്ന നേതാവും ഒരു കാലത്ത് ശരദ് പവാറിന്റെ വിശ്വസ്തനുമായിരുന്ന ഛഗന്‍ ബുജ്പാലിന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പാണ് നല്‍കിയിരിക്കുന്നത്. ധരംറാവുബാബ അത്രമിന് ഡ്രഗ് ആന്റ് അഡ്മിനിസ്ട്രേഷന് വകുപ്പും നല്‍കിയിട്ടുണ്ട്. ദിലിപ് വല്‍സെ പട്ടീലിനും സഹകരണ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ധനഞ്ജയ് മുണ്ടെയ്ക്ക് കൃഷി വകുപ്പും നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഹസന് മുഷ്റഫിനും ദുരിതാശ്വാസ പുനരധിവാസ വകുപ്പ് അനില്‍ പാട്ടീലിനും നല്കി. വനിത ശിശു സംരക്ഷണ വകുപ്പ് എന്‍സിപിയുടെ വനിത നേതാവ് അതിഥി തത്കരയ്ക്കാണ്. സഞ്ജയ് ബന്സോഡെയ്ക്ക് കായിക വകുപ്പും നല്കി.
ഷിന്‍ഡെ വിഭാഗം വസേന- ബിജെപി സഖ്യ സര്‍ക്കാരിലെത്തിയ എന്‍സിപിക്ക് 9 മന്ത്രിമാരെ നല്‍കിയതില്‍ ശിവസേനയ്ക്കുള്ളില്‍ അസംതൃപ്തി പുകയുന്നതിന് ഇടയിലാണ് പ്രധാനപ്പെട്ട വകുപ്പുകളും എന്‍സിപിക്കാര്‍ക്ക് നല്‍കുന്നത്. എന്‍സിപിക്ക് സര്‍ക്കാരില്‍ അമിത പ്രാധാന്യം കൊടുക്കുന്നതില്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് പരാതിയുണ്ട്. പുനഃസംഘടനയില്‍ വകുപ്പുകള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ വരവോടെ കാര്യങ്ങള്‍ കൈവിട്ടുപോയത് വലിയ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്.