മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാരിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.