ന്യൂഡല്‍ഹി : ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. അജിത് ഡോവൽ- അസിം മാലിക് ചർച്ച നടന്നതായി തുർക്കിയ മാധ്യമമാണണ് പാക് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ഇക്കാര്യം പുറത്ത് വിട്ടത്.
പാകിസ്താന്റെ സുരക്ഷാ ഉപദേഷ്ടാവ് അസിം മാലിക് അജിത് ഡോവലുമായി സംസാരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ തുർക്കി മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയിലേക്കും പാകിസ്താനിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് സിംഗപൂർ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകി.
അതിനിടെ അതിർത്തിയിൽ പാകിസ്താന് പ്രകോപനം തുടരുകയാണ്.നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിയുതിർത്തു.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്.
ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ തുടരുന്ന പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യും.