


കൊച്ചി : ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട് ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. 9.161 കിലോ സ്വര്‍ണമാണ് ഫീനിക്സ് ഗ്രൂപ്പിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത്. പമ്പയില്‍വെച്ചാണ് സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് കൊടുത്ത കണക്ക് ആണിതെന്നും അജയ് തറയില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ ജാഥ എറണാകുളത്തേക്ക് വരുമ്പോള്‍ തന്നെ ചോദ്യം ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഇട്ടിരിക്കുന്നതെന്ന് ഒരു സിപിഐഎം നേതാവാണ് തന്നെ അറിയിച്ചത്. ജാഥ ആരംഭിച്ച ദിവസം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്നും അജയ് തറയില്‍ ആരോപിച്ചു.
‘412 ഗ്രാമിന് അപ്പുറത്തേക്ക് ഏത് ഭക്തനാണ് സ്വര്‍ണം സമര്‍പ്പിച്ചത്. സാങ്കേതിക പ്രശ്നം പറഞ്ഞുകൊണ്ട് വലിയ പ്രശ്നമുണ്ടാക്കുന്നു. രസീത് നല്‍കിയില്ലെന്നാണ് പറയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും രസീത് കൊടുക്കലാണോ പണി. എസ്ഐടി തന്നെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കോടതിയുടെ തീരുമാനത്തില്‍ സന്തോഷം. സ്വര്‍ണക്കൊള്ള നടത്തിയവരുടെ ഇടയില്‍ ക്രിസ്റ്റല്‍ ക്ലിയറായി ജീവിക്കുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സിപിഐഎം നേതാക്കള്‍ സ്വര്‍ണക്കൊള്ളക്കാരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് ഹൈക്കോടതി അനുവദിക്കില്ലെന്ന് തന്നെയാണ് വിശ്വാസം’, അജയ് തറയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും പൊലീസിന് അറസ്റ്റ് ചെയ്യാമല്ലോ? അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അജയ് തറയില്‍ പറഞ്ഞു.
ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ശബരിമല ചീഫ് വിജിലന്‍സ് ഓഫീസര്‍ സമര്‍പ്പിച്ച കണക്കു പ്രകാരം കൊടിമരം സ്വര്‍ണം പൂശുന്നതിനായി 9.161 കിലോ സ്വര്‍ണം 2017 മാര്‍ച്ചില്‍ കസ്റ്റംസില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. കൊടിമരം സ്ഥാപിക്കുന്ന ചിലവുകള്‍ക്കായി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി. ദേവസ്വം ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച 3.20 കോടി രൂപ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം വിവിധ ഭക്തര്‍ സംഭാവന നല്കിയ 412.010 ഗ്രാം സ്വര്‍ണവും കൂടി ചേര്‍ത്താല്‍ ആകെ 9.573 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. ഇതില്‍ 9.34 കിലോയാണ് കൊടിമരത്തിനായി ഉപയോഗിച്ചത്.
2017ലെ മഹസര്‍ പ്രകാരം ഒരു നടനും മറ്റു ചില ഭക്തരും ചേര്‍ന്ന് 80.490 ഗ്രാം സ്വര്‍ണവും 2017ലെ മറ്റൊരു മഹസര്‍ പ്രകാരം 246.520 ഗ്രാം സ്വര്‍ണം ഒരു സിനിമ നിര്‍മാതാവും മറ്റൊരാളും സംഭാവന ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആ വര്‍ഷം തന്നെ പലരും സ്വര്‍ണം സംഭാവന ചെയ്തു. എന്നാല്‍ ഓരോരുത്തരും നല്കുന്ന സ്വര്‍ണത്തിന്റെ അളവ് കൃത്യമായി നല്‍കണമെന്ന നിയമത്തിനു വിരുദ്ധമായി ഭക്തര്‍ സ്വര്‍ണം നല്കി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വ്യക്തിയും നല്കിയ കണക്കില്ല. ഇവിടെ ഗുരുതരമായ കൃത്യവിലോപവും ദേവസ്വം ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.