കൊച്ചി : അപ്രഖ്യാപിത സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിടൽ നോട്ടിസ് നൽകിയതായി സൂചന. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരിൽ കാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്തു.
മിന്നൽ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് അറിയിച്ചു. എയർ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സർവീസുകളാണ്. ഇതിൽ 85 സർവീസുകൾ റദ്ദാക്കി. മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ സര്‍വീസ് നടത്തും. മൂന്നു മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ടിന് നൽകുകയോ പുതുക്കിയ തീയതിയിൽ യാത്ര ചെയ്യാനുള്ള സൗകര്യം നൽകുകയോ ചെയ്യും. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഇന്നു രാവിലെ 8.50നു മസ്കത്തിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് കൊൽക്കത്തയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി. ഒരാഴ്ചത്തേക്കുള്ള സർവീസുകളാണ് ഇപ്പോൾ എയർ ഇന്ത്യ മാനേജ്മെന്റ് പുനഃക്രമീകരിച്ചത്.
പ്രശ്നപരിഹാരത്തിനു മാനേജ്മെന്റും എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനുമായി ഇന്ന് ലേബർ വകുപ്പ് ചർച്ച നടത്തുന്നുണ്ട്. സമരം ചെയ്യുന്ന മുഴുവൻ പേർക്കും ബുധനാഴ്ച തന്നെ പിരിച്ചുവിടൽ നോട്ടിസ് നൽകിയെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 25 പേരെ ഇതിനകം തന്നെ പിരിച്ചുവിട്ടുവെന്നും അറിയുന്നു. ഇന്നത്തെ ചർച്ചയില്‍ ഈ പിരിച്ചുവിടൽ വിഷയവും ഉയർന്നേക്കും.