ന്യൂഡൽഹി: രണ്ടു ദിവസം പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ച എയർഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ സമരം പിൻവലിച്ചു. ഇന്നത്തോടെ സർവീസുകൾ സാധാരണ നിലയിലാകും.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) സാന്നിദ്ധ്യത്തിൽ ജീവനക്കാരുടെ സംഘടനയും എയർ ഇന്ത്യ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ 30 ജീവനക്കാരെ പിരിച്ചുവിട്ടതും റദ്ദാക്കി.
ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് എയർഇന്ത്യ മാനേജ്മെന്റ് സമ്മതിച്ചു. ജീവനക്കാർ ഉടൻ ഡ്യൂട്ടിക്ക് ഹാജരാകും. മേയ് 28ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ 74 സർവീസുകൾ മുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യയുടെ സഹായത്തോടെ 20 റൂട്ടുകളിൽ 292 സർവീസുകൾ നടത്തി. വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നത് യാത്രക്കാർക്ക് അസൗകര്യവും കമ്പനിക്ക് നാണക്കേടും വൻ സാമ്പത്തിക നഷ്ടവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 30 ജീവനക്കാർക്ക് പിരിച്ചുവിട്ടൽ നോട്ടീസ് നൽകിയത്. പുതിയ തൊഴിൽ വ്യവസ്ഥകളോടാണ് പ്രതിഷേധമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും വരെ ജോലിയിൽ പ്രവേശിക്കില്ലെന്നും യൂണിയൻ അറിയിച്ചിരുന്നു. 300ഒാളം ജീവനക്കാരാണ് സമരം ചെയ്തത്.
പരാതിയിൽ കഴമ്പുണ്ടെന്ന്
ജീവനക്കാരുടെ പരാതികളിൽ കഴമ്പുണ്ടെന്ന് ന്യൂഡൽഹി റീജിയണൽ ലേബർ കമ്മീഷണർ അശോക് പെരുമല്ല പറഞ്ഞിരുന്നു. എയർഇന്ത്യ എക്സ്പ്രസിൽ നഗ്നമായ തൊഴിൽ ലംഘനങ്ങൾ നടക്കുന്നതായി മേയ് 3 ന് എയർ ഇന്ത്യ ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മറ്റുള്ളവർക്കും അയച്ച ഇ-മെയിലിൽ ചൂണ്ടിക്കാട്ടിയിരുന്നു.ജീവനക്കാരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി വേണമെന്നും നിർദ്ദേശിച്ചു.