


ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പത്തില്‍ ഏഴെണ്ണത്തിലും ആവര്‍ത്തിച്ചുള്ള തകരാറുകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. വിമാനങ്ങള്‍ നേരിടുന്ന ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകളില്‍ ഇന്ത്യയില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പാണ് മുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വ്യോമയാന മന്ത്രാലയം വ്യാഴാഴ്ച ലോക്സഭയില്‍ അറിയിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന 377 വിമാനങ്ങളില്‍ ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളാണ് കൂടുതല്‍. എയര്‍ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളില്‍ 137 എണ്ണത്തിലും ആവര്‍ത്തിച്ചുള്ള തകരാറുകള്‍ കണ്ടെത്തി.
എയര്‍ പരിശോധിച്ച ഇന്ത്യ എക്സ്പ്രസിന്റെ 101 വിമാനങ്ങളില്‍ 54 എണ്ണത്തിലും പ്രശ്നങ്ങളുണ്ട്. എയര്‍ ഇന്ത്യ ഗ്രൂപ്പിലുടനീളമുള്ള 267 വിമാനങ്ങളില്‍ 191 എണ്ണവും തകരാറുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിശോധിച്ച വിമാനങ്ങളുടെ ഏകദേശം 72 ശതമാനം വരുന്നവയാണ് ഇത്. ഇന്‍ഡിഗോയുടെ 405 വിമാനങ്ങളില്‍ 148 എണ്ണത്തില്‍ തകരാറുകള്‍ കണ്ടെത്തിയതായും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്പൈസ് ജെറ്റിന്റെ 43 വിമാനങ്ങളില്‍ 16 എണ്ണത്തിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.