പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്. എയര്‍ എംബോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. ആക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം.
കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയാണ് (24) ആക്രമിക്കപ്പെട്ടത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ. അരുണും അനുഷയും കോളജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്. അനുഷയും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. അനുഷ സ്നേഹക്ക് മൂന്ന് തവണ ഇഞ്ചക്ഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്.
കൊലപാതകശ്രമത്തിൽ അരുണിന് പങ്കുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിലെ വിവരങ്ങൾ അരുൺ അനുഷയുമായി പങ്കു വച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കോട്ടും മാസ്കുമടക്കം ധരിച്ച് അനുഷ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തുന്നത്. പ്രസവത്തിന് ശേഷം സ്നേഹ കിടന്നിരുന്ന മുറിയിലെത്തിയ അനുഷ സ്നേഹയുടെ കയ്യിൽ മൂന്ന് തവണ എയർ ഇൻജക്ഷൻ നടത്തി. ഇതിൽ അസ്വാഭാവികത തോന്നിയ സ്നേഹയുടെ അമ്മ നഴ്സിംഗ് റൂമിൽ വിവരമറിയിച്ചപ്പോഴാണ് അനുഷയുടെ കള്ളി പുറത്തു വരുന്നത്.
തുടർന്ന് ആശുപത്രി അധികൃതരെത്തി അനുഷയെ പിടികൂടി തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അനുഷയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തു. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
എന്താണ് എയർ എംബോളിസം
രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം. കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.