തിരുവല്ല: എയർ എംബോളിസത്തിലൂടെ ഗർഭിണിയെ കൊല്ലാൻ നോക്കിയ അനുഷയുടെ പ്രവൃത്തിയില്‍ ബാഹ്യ ഇടപെടല്‍ സംശയിച്ച് പൊലീസ് . ഫാർമസി പഠിച്ച അനുഷയ്ക്ക് ഇന്ജക്ഷന് എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്നും പൊലീസ് പറയുന്നു.
എയര്‍ എംബോളിസം വഴി ആളെ കൊല്ലാന്‍ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. എന്നാൽ, ഇഞ്ചക്ഷന് എടുക്കുന്നതിന് പരിശീലനം കിട്ടിയിട്ടില്ല. ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ പരിശീലനം ഉള്ളത്. ഞരമ്പില്‍ നിന്ന് രക്തം എടുക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ സാധിക്കുക.
കാമുകനായ അരുണിനൊപ്പം ജീവിക്കാനും അയാളോട് തന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാനും വേണ്ടിയാണ് ഭാര്യ സ്നേഹയെ കൊല്ലാനുള്ള ശ്രമം നടത്തിയതെന്ന് വധശ്രമക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള അനുഷയുടെ മൊഴി. സ്നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിലൂടെ താന്‍ എത്രമാത്രം അയാളെ സ്നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പൊലീസിനോട് പറഞ്ഞത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിന്റെ വേഷം ധരിച്ച് എത്തിയ കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷ(25) കാമുകനായ പുല്ലുകുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യെ ധമനിയിലൂടെ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തി വിട്ട് കൊല്ലാന്‍ ശ്രമിച്ചത്. ആശുപത്രി ജീവനക്കാരും സ്നേഹയുടെ അമ്മയും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
അതിന് ശേഷമുള്ള നടപടികള്‍ പുളിക്കീഴ് പൊലീസിനെ വലയ്ക്കുകയും ചെയ്തു. പരാതി ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമം നടന്നുവെന്ന് പറയുന്നു. എന്നാല്‍, ഗുരുതരമായ കുറ്റകൃത്യം ചെയ്ത യുവതിയെ കേസെടുക്കാതെ വിടുന്നതില്‍ അപായം മണത്ത പൊലീസ് അവസാനം ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് വധശ്രമത്തിന് സ്നേഹയെ അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ധരാത്രിയായി.
കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അനുഷയുടെ ആദ്യ വിവാഹം വേര്‍പെട്ടതാണ്. ഇപ്പോഴുള്ള ഭര്‍ത്താവ് വിദേശത്താണ്. നാട്ടില്‍ അരുണുമായുള്ള ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് അനുഷയുടെ മൊഴി. ഇരുവരും നിരന്തരം നേരിലും ഫോണിലും ബന്ധപ്പെട്ടിരുന്നു. അരുണുമായുള്ള വാട്സാപ്പ് ചാറ്റുകളും അനുഷയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം. ആദ്യ വിവാഹം വേര്‍പെട്ടപ്പോള്‍ തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷയുടെ മൊഴി.