


നമ്മൾ പൊതുവേ പുറത്തു പറയാൻ മടിക്കുന്നതും എണ്ണത്തിൽ കുറവാണ് എന്ന് ആശ്വസിച്ചിരുന്നതുമായ ഒരു രോഗത്തിൻറെ നിശബ്ദമായ വ്യാപനമാണ് കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് 15 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച് ഐ വി കേസുകളിലെ വർദ്ധന അത്യധികം ആശങ്കാജനകമാണ് .
പുതിയ എച്ച് ഐ വി രോഗബാധിതരുടെ കണക്കുകൾ വെറുമൊരു വിവരശേഖരമായി കണക്കാക്കാൻ സാധിക്കില്ല ഇത് സാമൂഹ്യ ഭാവിയെ നിർണയിക്കുന്ന സാമൂഹിക സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെയാണ് കാണിക്കുന്നത് . അതിലുപരി ആരോഗ്യമേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൽ യുവാക്കൾക്കിടയിലെ ഈ രോഗവ്യാപനം സാമൂഹിക സുരക്ഷാ സംവിധാനങ്ങൾക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
ഈ പുതിയ കാലത്ത് എയ്ഡ്സ് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെ മാത്രമല്ല മറിച്ച് വർദ്ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് കുത്തിവയ്പുകളിലൂടെയുമാണ്. ലഹരി ഉപയോഗിക്കാനായി ഒത്തുചേരുവർ ഒരേ സിറിഞ്ച് തന്നെ കൈമാറി ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നു. ലഹരിയുടെ ഉത്തേജനത്തിൽ ഇക്കൂട്ടർക്ക് അവർ പങ്കുവയ്ക്കുന്നത് മാരകമായ ഒരു വൈറസിനെ കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല. സ്വർഗ്ഗരതിക്കാർക്കിടയിലും എച്ച് .ഐ. വി ബാധിതർ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നടക്കുന്ന ടാറ്റൂ, ബോഡി പിയേർസിങ് എന്നിവ ഇപ്പോൾ എല്ലാ പ്രായക്കാർക്കിടയിലും വളരെ വ്യാപകമായി കണ്ടുവരുന്നു അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതുമായ ഇത്തരം കേന്ദ്രങ്ങളും വ്യാപനത്തിന് കാരണമാകുന്നു.
സമൂഹത്തിൽ പുറത്തു പറയാൻ ആകാത്ത അസുഖമായാണ് പലരും എയ്ഡ്സിനെ കണക്കാക്കുന്നത് . അസുഖത്തിന് പുറമേ സമൂഹത്തിൽ കുടുംബത്തിൽ ഒറ്റപ്പെടുന്നതിന് കാരണമാകും എന്ന് ഭയമാണ് ഇതിന് പിന്നിൽ. വൈറസ് ബാധിതർ ചികിത്സ എടുക്കാതെ രോഗബാധയുണ്ടാക്കുന്ന രീതിയിൽ ഇടപഴകുമ്പോഴാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് . രോഗബാധിതർ പലരും ഈ രോഗമുള്ളത് തിരിച്ചറിയാതെ പോകുന്നതും രോഗവ്യാപനത്തിന് കാരണമാണ് . രോഗം തുറന്നു പറയുന്നവരെ ചേർത്തുപിടിക്കുക വഴി മാത്രമേ ഒരു സമൂഹം എന്ന നിലയിൽ എച്ച് ഐ വി ബാധയെ പൂർണമായും തുടച്ചുമാറ്റാൻ കഴിയൂ.
എച്ച്ഐവി എന്നത് വായുവിലൂടെയോ സ്പർശനത്തിലൂടെയോ പകരുന്ന ഒന്നല്ല. രോഗബാധിതരായ ആളുകളുടെ കൂടെ ഇരിക്കുന്നതുകൊണ്ട് അവരെ സ്പർശിക്കുന്നതിലൂടെയോ ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ ഈ രോഗം പകരില്ല.
എച്ച്.ഐ.വി ബാധിതനയ വ്യക്തിയുമായി രോഗവ്യാപന സാധ്യതയുള്ള രീതിയിലുള്ള സമ്പർക്കം ഉണ്ടായതായി സംശയിക്കുന്നവർക്ക് പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധയെ ചെറുക്കുന്നതിനുള്ള ചികിത്സയാണ് പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ്. എത്ര നേരത്തെ ചികിത്സ തേടുന്നുവോ എച്ച് .ഐ .വി യെ ചെറുക്കുന്നതിൽ അത്ര ഫലപ്രദമായിരിക്കും ഈ ചികിത്സ. 72 മണിക്കൂർ കഴിഞ്ഞാൽ ഈ ചികിത്സ പ്രയോജനം ചെയ്യില്ല.
എയിഡ്സ് രോഗികൾക്ക് നൽകുന്ന ചികിത്സയായ ആൻറിറെട്രോവൈറൽ തെറാപ്പി വഴി
ജന്മനാ എയ്ഡ്സ് ബാധിതരായി കുഞ്ഞുങ്ങൾ ജനിച്ചു വീഴുന്ന സാഹചര്യവും ഇപ്പോൾ നിയന്ത്രണ വിധേയമാക്കാൻ സാധ്യമാണ് . വൈകാതെ രോഗനിർണ്ണയം നടത്തി ചികിത്സയിലൂടെ ശരീരത്തിലെ വൈറസ് ലോഡ് കൃത്യമായി നിയന്ത്രിക്കുന്ന ഒരാൾക്ക് ദീർഘകാലം മരുന്ന് കഴിച്ച് പ്രമേഹമോ രക്തസമ്മർദ്ദമോ നിയന്ത്രിക്കുന്നപോലെ തന്നെ ഇന്ന് എയിഡ്സ് നിയന്ത്രിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുന്നതാണ് .
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് എയ്ഡ്സ് എന്നത് ജീവിതത്തിൻറെ അവസാനമല്ല. അശ്രദ്ധയും അജ്ഞതയും മൂലം ക്ഷണികമായ സുഖത്തിനു വേണ്ടി സ്വന്തം ആരോഗ്യം ബലികഴിക്കാതിരിക്കുക എന്നതാണ് യുവ തലമുറ ശ്രദ്ധിക്കേണ്ടത്. എച്ച് . ഐ .വി യെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള ജ്യോതിസ് കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ് . കേരളത്തിലെ ജ്യോതിസ് കേന്ദ്രങ്ങളിൽ രോഗപരിശോധനയും ചികിത്സയും കൗൺസിലിങ്ങും സൗജന്യമായി നൽകിവരുന്നു. പുതിയ എച്ച്. ഐ.വി ബാധിതരുടെ വർദ്ധനവ് ഒരു ദുരന്തമായി മാറാതിരിക്കാൻ നമുക്ക് ഒന്നിച്ചു നിൽക്കാം.
Aids Day article by –
Dr. Kiran G Kulirankal,
Consultant, Infectious Diseases,
Amrita Hospital, Kochi