ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം മറ്റന്നാൾ ചേരും. പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തകസമിതി ആവശ്യപ്പെടും. രാഹുലിനെ പ്രതിപക്ഷനേതാവാക്കാൻ മറ്റ് ഇൻഡ്യാ മുന്നണി നേതാക്കളും നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.രാഹുൽ ഗാന്ധി ഈ ആവശ്യം നിരസിക്കുകയാണെങ്കിൽ കെ.സി വേണുഗോപാൽ, ഗൗരവ് ഗൊഗോയി അടക്കമുള്ള നേതാക്കൾ പദവിയിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് ഫലവും യോഗത്തിൽ വിലയിരുത്തും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. പരാജയപ്പെട്ട സീറ്റുകളിൽ തോൽവിയുടെ കാരണവും യോഗത്തിൽ ചർച്ച ചെയ്യപ്പെടും. തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയത്. 2019ലെ 52 സീറ്റിൽ നിന്ന് ഇത്തവണ 99 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. റായ്ബറേലിയിലും വയനാടും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.