സിംല: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതോടെ പ്രതിസന്ധിയിലായ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അടിയന്തര നീക്കവുമായി കോണ്‍ഗ്രസ്. നിലവിലുള്ള എംഎല്‍എമാരുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസാരിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഭൂപീന്ദര്‍ സിങ് ഹൂഡയെയും പ്രശ്നപരിഹാരത്തിനായി നിയോഗിച്ചു.
മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിനെ മാറ്റണമെന്നാണ് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. 26 ഓളം എംഎല്‍എമാര്‍ മുഖ്യമന്ത്രി സുഖുവിനെതിരെ രംഗത്തു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചതായാണ് സൂചന.
അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാ പ്രമേയം കൊണ്ടു വരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷമായ ബിജെപി. പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഗവര്‍ണറെ കാണാന്‍ അനുമതി ചോദിച്ചിട്ടുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതോടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നാണ് ബിജെപി പറയുന്നത്.
68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ 34 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനു അഭിഷേക് സിങ് വിക്ക് വോട്ടു ചെയ്തത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി. ഇവരെ കൂടാതെ രണ്ട് സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തു. കൂറുമാറി വോട്ടു ചെയ്ത എംഎല്‍എമാരെ ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറ്റിയിരിക്കുകയാണ്.