കൊച്ചി : സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ കാമറകള്‍ പിടിച്ചത് 98 ലക്ഷം നിയമലംഘകരെയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ(എംവിഡി) കണക്കുകള്‍. 2023 ജൂണില്‍ എഐ കാമറകള്‍ സ്ഥാപിച്ചതിന് മുതല്‍ ഇതുവരെ 631 കോടി രൂപ പിഴ ചുമത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. എന്നാല്‍ സര്‍ക്കാരിന് ഇതുവരെ പിരിച്ചെടുക്കാനായത് 400 കോടി രൂപ മാത്രമാണ്. കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വന്‍തുക ചിലവിട്ടത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2025 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ വഴി എംവിഡി 273 കോടി രൂപ പിഴ ചുമത്തി. ഇതില്‍ ഇതുവരെ ഏകദേശം 150 കോടി രൂപയാണ് പിരിച്ചെടുത്തത്. കാമറകള്‍ സ്ഥാപിച്ചതിനുശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ എംവിഡി 400 കോടിയിലധികം പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ ദി ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കാമറകള്‍ സ്ഥാപിച്ചതിന് ശേഷം ജനം നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം പറഞ്ഞു. കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തിലധികം കാമറകള്‍ കൂടി സ്ഥാപിക്കണമെന്നും എന്‍എച്ച് 66ല്‍ ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാന പാതകളിലും കാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന നിയമലംഘനം. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിക്കുന്നതും ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റി വാഹനമോടിക്കുന്നതുമാണ് മറ്റ് നിയമലംഘനങ്ങള്‍. നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതെന്നും എംവിഡി കണക്കുകള്‍ പറയുന്നു.